അബ്ബാസികള്‍

ഉമവീഖിലാഫത്തിനെത്തുടര്‍ന്ന്  അബ്ബാസികളുടെ ഭരണകാലമായിരുന്നു. ആദ്യകാല ഇസ്‌ലാമിക സംസ്‌കാരം അതിന്റെ അത്യുച്ചാവസ്ഥയിലെത്തിയ കാലം എന്നാണ് അബ്ബാസി വാഴ്ച്ചയെ സാധാരണയായി വിശേഷിപ്പിക്കാറുള്ളത്. ആദ്യകാല അബ്ബാസികള്‍ ഇസ്‌ലാമിക സാമ്രാജ്യത്തെ ശക്തിപ്പെടുത്തുക, അതിന്റെ ഐക്യം സംരക്ഷിക്കുക, സാമ്രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയെന്ന നിലയില്‍ അറബിയുടെ പ്രചാരം വ്യാപകമാക്കുക എന്നിങ്ങനെ ഉമവികള്‍ തുടങ്ങിവെച്ച പ്രവൃത്തികള്‍ തുടര്‍ന്നു പോവുകയാണുണ്ടായത്. 

ഹി. 136-158 വരെ ഭരണം നടത്തിയ അബൂ ജഅ്ഫര്‍ അല്‍ മന്‍സൂര്‍ അബ്ബാസികളിലെ ആദ്യ പ്രഗത്ഭ ഭരണാധികാരിയാണ്. അബ്ബാസി ഖിലാഫത്തിന്റെ അടിത്തറ ഭദ്രമാക്കിയത് മന്‍സൂറാണ്. അബു ജഅ്ഫര്‍ അല്‍ മന്‍സൂര്‍ ആണ് തലസ്ഥാനം ബഗ്ദാദിലേക്ക് മാറ്റിയത്.  മദീനക്കും ദമസ്‌കസിനും ശേഷം ഇസ്‌ലാമിക ലോകത്തിന്റെ് പുതിയ ആസ്ഥാനമായി ബഗ്ദാദ് മാറി. വൈകാതെ തന്നെ ബഗ്ദാദ് ഇസ്‌ലാമിക ലോകത്തിന്റെ ഏറ്റവും മഹത്തായ സാംസ്‌കാരിക കേന്ദ്രമായിത്തീര്‍ന്നു. ഒരുപക്ഷേ അക്കാലത്ത് ലോകത്തിന്റെ തന്നെ സാംസ്‌കാരിക ആസ്ഥാനം എന്നു വിളിക്കാവുന്ന തരത്തിലേക്ക് ബഗ്ദാദ് വളര്‍ന്നു. ഗ്രീക്ക്, പേര്‍ഷ്യന്‍, സംസ്‌കൃത ഭാഷകളില്‍ നിന്നുള്ള ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്യുന്ന ശാലകള്‍ ധാരാളമായി സ്ഥാപിച്ച മന്‍സൂര്‍ ബഗ്ദാദിനെ വൈജ്ഞാനികകേന്ദ്രം കൂടി ആക്കിത്തീര്‍ത്തു. ഇമാം മാലിക് തന്റെ മുവത്വ രചിക്കുന്നതും ഇക്കാലഘട്ടത്തിലാണ്. ഇസ്‌ലാമിക ലോകം ഏറെ ചര്‍ച്ച ചെയ്ത കര്‍മശാസ്ത്ര ഗ്രന്ഥമായി മാറി പിന്നീട് മുവത്വ.

അബ്ബാസി ഖിലാഫത്തിന്റെ സുവര്‍ണ കാലഘട്ടമെന്നറിയപ്പെടുന്ന ഹാറൂന്‍ റഷീദിന്റെ ഭരണത്തില്‍ ജനങ്ങള്‍ നീതിയും ക്ഷേമവും അനുഭവിച്ചു. ഇമാം അബൂഹനീഫയുടെ ശിഷ്യനായിരുന്ന ഖാദി അബൂയൂസുഫ് ആയിരുന്നു അദ്ദേഹത്തിന്റെ ചീഫ് ജസ്റ്റിസ്. സാമ്പത്തിക വിഷയത്തില്‍ അബൂ യൂസുഫ് രചിച്ച 'കിതാബുല്‍ ഖറാജ്' അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് ആയി അറിയപ്പെടുന്നു. വൈജ്ഞാനിക പ്രസരണ രംഗത്ത് വമ്പിച്ച വിപ്ലവമുണ്ടാക്കിയ 'ബൈത്തുല്‍ ഹിക്മ' എന്ന വിവര്‍ത്തനശാല ഖലീഫ ഹാറൂന്‍ റശീദിന്റെ സംഭാവനയാണ്. ശേഷം വന്ന വൈജ്ഞാനികതല്‍പരനായ മഅ്മൂനും കഴിവുറ്റ ഭരണാധികാരിയായിരുന്നു.

അബ്ബാസി വാഴ്ചയുടെ ആദ്യകാലം ശരീഅത്ത് നിയമങ്ങളുടെ ക്രോഡീകരണകാലം കൂടിയാണ്. ഉമവീകാലഘട്ടത്തിലായിരുന്നു അതിന്റെ തുടക്കം. അബ്ബാസി കാലഘട്ടത്തില്‍ അത് പൂര്‍ത്തീകരിക്കപ്പെടുകയും ഇന്നു നിലവിലുള്ള പരമ്പരാഗത മതനിയമങ്ങളുടെ വിവിധ സരണികള്‍ സ്ഥാപിക്കപ്പെടുകയും ചെയ്തു. മദ്ഹബിന്റെ ഇമാമാരുടെ കാലഘട്ടം കൂടിയായ അബ്ബാസി കാലഘട്ടത്തിലാണ് ഇമാം ബുഖാരിയും മുസ്‌ലിമും തിര്‍മിദിയുമൊക്കെ ഹദീഥ് ശേഖരാണര്‍ത്ഥമുള്ള വൈജ്ഞാനിക യാത്രകള്‍ക്ക് ഇറങ്ങിത്തിരിച്ചതും. ഇക്കാലത്തുണ്ടായ പ്രധാന നേട്ടവും സ്വഹീഹ് ബുഖാരി അടക്കമുള്ള ഹദീസിന്റെ പ്രാമാണിക ഗ്രന്ഥങ്ങള്‍ സമാഹരിക്കപ്പെട്ടതും ഫിഖ്ഹീ ഗ്രന്ഥങ്ങള്‍ വ്യവസ്ഥാപിതമായി രചിക്കപ്പെട്ടതുമായിരിക്കുമെന്ന് തീര്‍ച്ച. അതുപോലെ ആദ്യകാല സൂഫി ചിന്താധാരകള്‍ ബാഗ്ദാദിലും ഖുറാസാനിലും ഉടലെടുത്തതും അബ്ബാസി വാഴ്ചക്കാലത്താണ്.