കുടുംബബന്ധം

രക്തബന്ധമുള്ള എല്ലാവരുമായും ശക്തമായ ബന്ധം നില നിര്‍ത്താന്‍ ഇസ്‌ലാം ആഹ്വാനം ചെയ്യുന്നു. അടുത്ത ബന്ധുക്കള്‍ക്ക് സാമ്പത്തികസഹായും ചെയ്യാനും ദായദനത്തില്‍നിന്ന് ദാനം നല്‍കാനും അല്ലാഹു കല്പിച്ചതായി കാണാം. 

ഓഹരിവെക്കുമ്പോള്‍ ബന്ധുക്കളും അനാഥരും ദരിദ്രരും അവിടെ വന്നിട്ടുണ്ടെങ്കില്‍

അതില്‍നിന്ന് അവര്‍ക്കും എന്തെങ്കിലും കൊടുക്കുക. 

അവരോട് നല്ല വാക്ക് പറയുകയും ചെയ്യുക.

(വിശുദ്ധ ഖുര്‍ആന്‍, അധ്യായം: അന്നിസാഅ്, സൂക്തം:8). 

കുടുംബത്തിലുള്ള അനാഥരെയും വൃദ്ധജനങ്ങളെയും ഏറ്റെടുത്ത് സംരക്ഷിക്കേണ്ടുന്ന ചുമതല സാമ്പത്തികമായി ഉയര്‍ന്ന കുടുംബാംഗങ്ങള്‍ക്കുണ്ട്. സ്വന്തം ബന്ധുജനങ്ങളിലെ ദരിദ്രരെ പരിഗണിക്കാതെ മറ്റു സേവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ആശാസ്യകരമല്ല. ബന്ധുക്കള്‍ക്ക് നല്‍കേണ്ട ഈ സഹായം അവരുടെ അവകാശമായാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്.

കുടുംബബന്ധങ്ങളെ ഏറ്റവും പവിത്രമായാണ് ഇസ്‌ലാം കാണുന്നത്. കുടുംബബന്ധത്തിന് ഇസ്‌ലാം ഉപയോഗിച്ച പദം 'റഹ്മ്' എന്നാണ്. അല്ലാഹുവിന്റെ വിശേഷണങ്ങളായ 'റഹ്മാന്‍'(പരമകാരുണികന്‍), 'റഹീം'(കരുണാനിധി) എന്നീ പദങ്ങളില്‍നിന്നുണ്ടായ ഒരു രൂപമാണിത്. ഈ പദത്തെ അല്ലാഹു തന്റെ സിംഹാസനവുമായി ബന്ധിച്ചിരിക്കുന്നു. അത് ഇപ്രകാരം പറഞ്ഞുകൊണ്ടിരിക്കും.''ആര്‍ എന്നെ ചാര്‍ത്തിയോ അവനെ അല്ലാഹു തന്നിലേക്ക് ചേര്‍ക്കും. ആര്‍ എന്നെ മുറിച്ചുവോ അവനുമായുള്ള ബന്ധം അല്ലാഹുവും മുറിച്ചകളയും.'' 

 ചാര്‍ച്ചയെ ചേര്‍ക്കല്‍ ഇസ്‌ലാമികവിശ്വാസത്തിന്റെ അനിവാര്യതാല്‍പ്പര്യത്തില്‍പ്പെട്ടതാണെന്ന് മുഹമ്മദ് നബി പലപ്പോഴായി പ്രാധാന്യപൂര്‍വം അരുളിയിട്ടുണ്ട്. 'വല്ലവനും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ കുടുംബബന്ധം ചേര്‍ക്കട്ടെ' എന്ന് നബി പറഞ്ഞിട്ടുണ്ട്. കുടുംബബന്ധം തകര്‍ക്കുകയെന്നത് കഠിനമായ തെറ്റായും നബി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ''കുടുംബബന്ധം മുറിച്ചവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതല്ല.'' എന്നും നബി മുന്നറിയിപ്പു നല്‍കി.