മാതാപിതാക്കള്‍

ഭൂമിയില്‍ ഏറ്റവും മഹത്തരം മനുഷ്യര്‍ക്ക് ജന്മമേകുന്ന മാതൃത്വമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ഭൂമിയില്‍ ഏറ്റവുമധികം ഇഷ്ടപ്പെടേണ്ടതും മാതാവിനെത്തന്നെ. ഒരാള്‍ പ്രവാചകസന്നിധിയില്‍ വന്ന് ഞാന്‍ ഏറ്റവും നന്നായി പെരുമാറേണ്ടത് ആരോടാണെന്നു ചോദിച്ചു. അപ്പോള്‍ 'നിന്റെ മാതാവിനോട്' എന്ന് നബി മറുപടി പറഞ്ഞു. ചോദ്യം രണ്ടു തവണ ആവര്‍ത്തിച്ചപ്പോഴും നബി ഇതേ മറുപടി യാണ് നല്‍കിയത്. നാലാമതും ചോദിച്ചപ്പോഴാണ് നബി 'നിന്റെ പിതാവ്' എന്ന് മറുപടി പറഞ്ഞത്.

വിശുദ്ധ ഖുര്‍ആന്റെ വിവരണത്തിലും മാതൃത്വത്തിനാണ് മുന്‍ഗണന. അതിനാല്‍ മനുഷ്യന്‍ ഭൂമിയില്‍ ഏറ്റവുമധികം ആദരിക്കേണ്ടത് തന്റെ മാതാവിനെയാണ്. മാതാപിതാക്കള്‍ക്കു നന്മ പ്രവര്‍ത്തിക്കുന്നതിനെ ഇബാദത്ത് ആയും അവരോട് നന്ദി കാണിക്കുന്നതിനെ അല്ലാഹുവിനോട് നന്ദി കാണിക്കുന്നതുമായും ഖുര്‍ആന്‍ ബന്ധപ്പെടുത്തുന്നു. മനുഷ്യന്‍ പ്രവര്‍ത്തിക്കുന്ന വന്‍കുറ്റം ദൈവത്തില്‍ പങ്കു ചേര്‍ക്കലും (ബഹുദൈവത്വം) മാതാപിതാക്കളുടെ വെറുപ്പു സമ്പാദിക്കലുമാണെന്ന് നബി ഉണര്‍ത്തുന്നു. ഉത്തമമായ പെരുമാറ്റരീതി സ്വീകരിക്കുന്നതിനുപുറമേ മാതാപിതാക്കള്‍ക്കുവേണ്ടി പ്രാര്‍ഥിക്കേണ്ടത് സന്താനങ്ങളുടെ കടമയായി ഖുര്‍ആന്‍ വിവരിക്കുന്നു: 

''മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കണമെന്ന് നാം മനുഷ്യനെ ഉപദേശിച്ചിരിക്കുന്നു. 

ക്ലേശത്തോടെയാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നത്. 

അവനെ പ്രസവിച്ചതും പ്രയാസം സഹിച്ചുതന്നെ. 

ഗര്‍ഭകാലവും മുലകുടിയും കൂടി മുപ്പതു മാസം. 

അവനങ്ങനെ കരുത്തനാവുകയും നാല്‍പത് വയസ്സാവുകയും ചെയ്താല്‍ ഇങ്ങനെ പ്രാര്‍ഥിക്കും: 

'എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീയേകിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാനും

നിനക്കു ഹിതകരമായ സുകൃതം പ്രവര്‍ത്തിക്കാനും 

നീയെന്നെ തുണയ്‌ക്കേണമേ!

എന്റെ മക്കളുടെ കാര്യത്തിലും നീ എനിക്കു നന്മ വരുത്തേണമേ. 

ഞാനിതാ നിന്നിലേക്കു പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു. 

ഉറപ്പായും ഞാന്‍ അനുസരണമുള്ളവരില്‍ പെട്ടവനാണ്.'

(വിശുദ്ധ ഖുര്‍ആന്‍, അധ്യായം: അല്‍ അഹ്ഖാഫ്, സൂക്തം: 15)