വിവാഹം

   ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധത്തില്‍നിന്നാണ് മനുഷ്യസംസ്‌കാരത്തിന്റെ അടിത്തറ രൂപം കൊള്ളുന്നത്. ആ രണ്ടു മനുഷ്യര്‍ ചേര്‍ന്നുണ്ടാകുന്ന ചെറിയ സാമൂഹികവൃത്തം മനുഷ്യസംസ്‌കാരത്തിന്റെ   ആദ്യത്തെ കണ്ണിയാണ്. സ്ത്രീയും പുരുഷനും തമ്മിലുള്ള ഈ സുസ്ഥിരബന്ധം തുറന്ന ഉടമ്പടി മുഖേന സ്ഥാപിതമാവുന്നു. ശരീഅത്തിന്റെ ഭാഷയില്‍ ഇതിന് 'നികാഹ്' എന്നു പറയുന്നു. ഇരുവരുടെയും സംതൃപ്തിയോടെ രണ്ടു സാക്ഷികളുടെ സാന്നിധ്യത്തില്‍ പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് നടത്തപ്പെടുന്ന ഒരു പവിത്രബന്ധമാണ് വിവാഹം. വിവാഹം കൂടാതെയുള്ള സ്ത്രീപുരുഷബന്ധം നീചവും ശിക്ഷാര്‍ഹവുമാണ്.

വിവാഹാവസരത്തില്‍ പുരുഷന്‍ സ്ത്രീക്ക് നിര്‍ബന്ധമായും നല്‌കേണ്ട വിവാഹമൂല്യമാണ് 'മഹ്ര്‍' എന്നറിയപ്പെടുന്നത്. വിവാഹമൂല്യം നിശ്ചയിക്കാനുള്ള അധികാരവും അവകാശവും വധുവിനാണ്. 

'എന്റെ മകളെ/ സഹോദരിയെ ഞാന്‍ നിനക്ക് വിവാഹം ചെയ്തു തന്നിരിക്കുന്നു'വെന്ന് വധുവിന്റെ രക്ഷകര്‍ത്താവ് പറയണം. തുടര്‍ന്ന് 'ഞാന്‍ അവളെ വധുവായി സ്വീകരിച്ചിരിക്കുന്നു'വെന്നു വരനും പരസ്യമായി പ്രഖ്യാപിക്കണം. ഇതാണ് വിവാഹച്ചടങ്ങ്. സദസ്സിനുമുമ്പില്‍ വിവാഹത്തെക്കുറിച്ചുള്ള സാരോപദേശങ്ങള്‍ അടങ്ങുന്ന ലഘുപ്രഭാഷണം നടത്തുന്നതും പ്രവാചകചര്യയാണ്. വിവാഹശേഷം വരന്‍ ബന്ധുമിത്രാദികള്‍ക്ക് ലഘുവായ സദ്യയൊരുക്കല്‍ പ്രബലമായ പ്രവാചകചര്യയാണ്. 

വിവാഹത്തിനായി ഇണയെ തെരഞ്ഞെടുക്കുമ്പോള്‍ മതനിഷ്ഠയും സല്‍സ്വഭാവവുമാണ് പ്രധാനമായി പരിഗണിക്കേണ്ടത്. ധനം, കുലമഹിമ, സൗന്ദര്യം, മതനിഷ്ഠ എന്നീ നാലു കാര്യങ്ങളാണ് സ്ത്രീകളില്‍ പുരുഷന്മാര്‍ക്ക് താല്പര്യം ജനിപ്പിക്കുന്നതെന്നും മതനിഷ്ഠയുള്ളവരെ വിവാഹം ചെയ്തു സൗഭാഗ്യം നേടണമെന്നും മുഹമ്മദ് നബി ഉപദേശിക്കുന്നു.

   സത്യവിശ്വാസികളായ പുരുഷന്‍ അധര്‍മകാരിയായ സ്ത്രീയെയും സത്യവിശ്വാസിയായ സ്ത്രീ അധര്‍മകാരിയായ പുരുഷനെയും വിവാഹംചെയ്യുന്നത് ഇസ്‌ലാം നിരോധിച്ചിരിക്കുന്നു. രക്തബന്ധം, മുലകുടി ബന്ധം, വിവാഹബന്ധം തുടങ്ങിയവ ഉള്ളവര്‍ തമ്മിലുള്ള വിവാഹം നിരോധിച്ചു. വിവാഹം ഒരു ആദര്‍ശബന്ധമായിരിക്കണമെന്ന് നിഷ്‌കര്‍ഷിച്ചു. അത് ആയുഷ്‌കാലം മുഴുവന്‍ നീണ്ടു നില്‍ക്കേണ്ടതാണ്. അതിനാല്‍ ദമ്പതികള്‍ക്കിടയില്‍ ആദര്‍ശപ്പൊരുത്തം വേണം. വിവാഹത്തെ കരുത്തുറ്റ കരാര്‍ എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്.